മാരണത്തു കാവ്
കുമാരമംഗലത്ത് നമ്പൂതിരുയും പേഴാന്തൽ ഭട്ടതിരിയും കടുത്ത
ശത്രുതയിലാണു കഴിഞ്ഞുവന്നിരുന്നത്. കുമാരമംഗലത്ത് നമ്പൂതിരി പരമ സാത്വികനും
സദ്സ്വഭാവിയും ആയിരുന്നു. എന്നാൽ,
പേഴാന്തൽ ഭട്ടതിരി ക്ഷിപ്രകോപിയും
അത്രമേൽ സ്വഭാവഗുണം ഇല്ലാത്ത ആളുമായിരുന്നു. രണ്ടുപേരും വേദമന്ത്ര വിഷയങ്ങളിൽ അഗാധ
ജ്ഞാനികളും ആയിരുന്നു. പല കാര്യങ്ങളിലും നമ്പൂതിരിയുടെ ഒപ്പത്തിനൊപ്പം നിൽക്കാനാകാഞ്ഞ ഭട്ടതിരി, കുമാരമംഗലത്ത് നമ്പൂതിരിയുടെ സർവ്വ നാശത്തിനായി 41 ദിവസം നീളുന്ന ഒരു അധർവ്വ കർമ്മം
ചെയ്യുവാൻ തുടങ്ങി. അതീവ രഹസ്യമായി സ്വന്തം ഇല്ലത്തു വെച്ചാണു ഈ കർമ്മം ചെയ്തിരുന്നത്.
ഭട്ടതിരിയുടെ അയൽ വാസിയും മുൻപ് ഭട്ടതിരിയുടെ അനിഷ്ടത്തിന് ഇരയായി
ഭ്രുത്യജോലി നഷ്ട്പ്പെട്ടവളുമായ ഒരു നായർ സ്ത്രീ ഈ വിവരം രഹസ്യമായി കുമാരമംഗലത്ത്
ഇല്ലത്തിലെ അന്തർജ്ജനങ്ങളെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. വിവരമറിഞ്ഞ
കുമാരമംഗലത്ത് നമ്പൂതിരി എന്തും നേരിടാനുള്ള തയ്യാറെടുപ്പുകൾ ചെയ്തുകൊണ്ടിരുന്നു.
ഭട്ടതിരിയുടെ മാന്ത്രിക കർമ്മത്തിന്റെ
അന്ത്യത്തിൽ, അർദ്ധരാത്രി ഹോമകുണ്ഡത്തിൽ നിന്നും ഭയങ്കര സ്വരൂപിണിയായ ഒരു ഉഗ്രമൂർത്തി
പ്രത്യക്ഷപ്പെട്ടു. ആ ഉഗ്രമൂർത്തി ഭട്ടതിരിയുടെ അഭീഷ്ടപ്രകാരം കുമാരമംഗലത്തിന്റെ
വംശനാശം വരുത്താനായി അട്ടഹസിച്ചുകൊണ്ട് കുമാരമംഗലത്ത് ഇല്ലത്തേക്ക് പാഞ്ഞു.
ഉഗ്രമൂർത്തിയുടെ ഒറ്റത്തള്ളലിൽ ഇല്ലത്തെ പ്രധാന വാതിൽ നിലംപതിച്ചു.
എന്നാൽ, നാലുകെട്ടിനുള്ളിൽ ഉഗ്രരൂപിണിയായ കൃത്തികയെ
വിശിഷ്ടാതിഥിയെ പോലെ കുമാരമംഗലത്ത് നമ്പൂതിരി സ്വീകരിക്കുകയാണു ചെയ്തത്. സാവധാനം
നമ്പൂതിരി ഉഗ്രമൂർത്തിയുടെ കോപം ശമിപ്പിക്കുകയും മന്ത്രങ്ങളാൽ ആവാഹിച്ച് പീഠത്തിൽ ഇരുത്തി
സന്തോഷിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ നമ്പൂതിരിയുടെ സഹായി ആയ പരികർമ്മിയുടെ ജീവൻ
കൃത്തിക എടുത്തിരുന്നു.
തുടർന്നുള്ള
കാലം ദേശത്തിന് അനുഗ്രഹം
ചൊരിഞ്ഞ് വർത്തിക്കണമെന്ന് നമ്പൂതിരി താണ് അപേക്ഷിച്ചെങ്കിലും
അതിനു മുൻപായി, ധർമ്മിഷ്ട്നായ
നമ്പൂതിരിയെ ഉപദ്രവിക്കാൻ തന്നെ ഉപയോഗിച്ച ഭട്ടതിരിയോട് പ്രതികാരം ചെയ്യാൻ ഉറച്ച
ഉഗ്രമൂർത്തി കണ്ണിൽ കണ്ട സകലതും നശിപ്പിച്ചുകൊണ്ട് പേഴാന്തൽ ഇല്ലത്തെത്തി. അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊന്നു.
ഇല്ലം പൂർണ്ണമായും നശിപ്പിച്ചു. ദേഹരക്ഷക്ക് മാന്ത്രിക രക്ഷകൾ ചെയ്തിരുന്ന
ഭട്ടതിരിയെ ഒന്നും ചെയ്യാനായില്ലെങ്കിലും ഭയപ്പെട്ട ഭട്ടതിരി ഇല്ലത്തു നിന്നും
കിഴക്കോട്ട് ഇറങ്ങി നേരെ തെക്കോട്ട് ഓടി രക്ഷപ്പെട്ടു. ഇല്ലത്തെ തുളസി തറയിൽ
കയറിയിരുന്ന് ഭട്ടതിരിയുടെ പലയാനം കണ്ടു രസിച്ച ഉഗ്രമൂർത്തി തുടർന്നും
അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു.
ജീവനോടെ അവശേഷിച്ച സ്ഥലവാസികൾ ഭയം മൂലം പേഴാന്തൽ ഇല്ലമിരുന്ന ഭാഗത്തേക്ക്
പിന്നീട് പോകാതെയായി. ആ പ്രദേശം കടായി മാറുകയും സമീപ വാസികൾക്ക്
മൂർത്തിയുടെ ഉപദ്രവങ്ങളൾ ഉണ്ടാവുകയും ചെയ്തു. അപ്പോൾ പരിസരവാസികൾ
ഒത്തുചേർന്ന് ഉഗ്രമൂർത്തിക്ക് നിത്യ പൂജയും മറ്റും നടത്താൻ തീരുമാനിച്ചു.
പൂജാക്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തുളസിത്തറക്ക് ചുറ്റും
മതിൽ കെട്ടി അടച്ചു. മതിലിൽ ഒരു നട തെക്കോട്ടു മാത്രം തുറന്നിട്ടു. കാലക്രമത്തിൽ
അവിടം വീണ്ടും ജനവാസകേന്ദ്രമാകുകയും പ്രദേശവാസികൾ മൂർത്തിക്കു
മുമ്പിൽ പ്രാർഥനകളുമായി എത്തുവാനും തുടങ്ങി. കുമാരമംഗലത്ത് നമ്പൂതിരി
അപേക്ഷിച്ചതുപോലെ മൂർത്തി ഉഗ്ര ഭാവം വെടിഞ്ഞ് ദേശവാസികൾക്ക് അനുഗ്രഹം
ചൊരിഞ്ഞ് നാടിന്റെ അഭിവൃദ്ധിക്ക് കാരണഭൂതയായ അംബികാദേവി ആയി വാഴുന്നു.
മാരണദേവത ആയി വന്ന ദേവി വാഴുന്ന കാവ് മാരണത്തുകാവ് ആയി മാറി. തെക്കോട്ടു
മാത്രം ഒറ്റ വാതിൽ ഉള്ള
അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് മാരണത്തുകാവ് ദേവീക്ഷേത്രം. ചങ്ങനാശ്ശേരി NSS താലൂക്ക്
യൂണിയന്റെ അധീനതയിലുള്ള ഈ ക്ഷേത്രം പെരുന്നയിൽ
സ്ഥിതി ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ