വൈക്കം മഹാദേവ ക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം UNESCO-യുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ
പട്ടികയിൽ ഇടം പിടിക്കാൻ സാദ്ധ്യത ഏറി. ഈ ക്ഷേത്രത്തിലെ ശിവലിംഗം ത്രേതായുഗത്തിലേതാണ് എന്നും ശ്രീ
പരമേശ്വരൻ ഖരൻ എന്ന അസുരനു ഇതു നേരിട്ടു നൽകിയതാണ്
എന്നുമാണ് ഐതിഹ്യം.എന്തായാലും കേരളത്തിലെ ഏറ്റവും
പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണു വൈക്കം മഹാദേവ ക്ഷേത്രം. ശ്രീ പദ്മനാഭ സ്വാമി
ക്ഷേത്രത്തിലെ അമൂല്യ നിധിപോലെ കണക്കില്ലാത്ത സമ്പത്ത് ശേഖരിച്ചുവെച്ചിട്ടുള്ള
മറ്റൊരു ക്ഷേത്രവും ആണു വൈക്കം മഹാദേവ ക്ഷേത്രം. സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ,അത്യപൂർവ്വമായ രത്നങ്ങൾ,പൗരാണിക കാലത്തെ നവരത്നഖചിതമായ സ്വർണ്ണ നിർമ്മിത കലാരൂപങ്ങൾ എന്നിവയൊക്കെയാണ് നിധി ശേഖരത്തിൽ ഉള്ളതെന്ന് പറയപ്പെടുന്നു. ശ്രീകോവിലിനുള്ളിൽ ഗർഭ ഗൃഹത്തിനു വെളിയിലായി
ചുറ്റപ്പെട്ടു കിടക്കുന്ന നിലവറകളിൽ ആണ് ഇവ
സൂക്ഷിച്ചിരിക്കുന്നത് എന്നാണു വിശ്വാസം.
ചരിത്ര രേഖകൾ ഇല്ലെങ്കിലും തലമുറകളായി വാമൊഴികളിലൂടെ പ്രചരിച്ചുവരുന്ന ഒരു സംഭവം മേൽ സംഗതി ശരി വെക്കുന്നു. ക്ഷേത്രത്തിലെ
സമ്പദ്ശേഖരത്തിന്ടെ ആണ്ടു കണക്കെടുപ്പ് നടത്തി വന്നിരുന്നെങ്കിലും നിലവറകളിൽ
കയറാനുള്ള ഭയം മൂലം കണക്കെടുപ്പ് ഒരു ചടങ്ങ്
മാത്രമായിരുന്നു. ഒരിക്കൽ പുതുതായി വന്ന ഒരു കണക്കെടുപ്പ് അധികാരി ആ വർഷം കൃത്യമായി കണക്ക് എടുക്കുവാൻ
തീരുമാനിച്ചു. അധികാരിയുടെ നിർബ്ബന്ധത്തിനു വഴങ്ങി
തന്ത്രിയും സഹായികളും പകൽ പോലും കട്ടിപിടിച്ച ഇരുട്ടുള്ള നിലവറകൾ
ഓരോന്നായി തുറന്നു.
മുൻപ് ഒരിക്കലും തുറന്നിട്ടില്ലാത്ത ഒരു നിലവറ തുറന്ന സമയം സർപ്പഗന്ധത്തോടുകൂടി
വിഷലിപ്തമായ വയൂ പുറത്തേക്ക് ആഞ്ഞടിച്ചു.
തീവെട്ടിയും പന്തങ്ങളും കെട്ടു. വെട്ടം അണയുന്നതിനിടയിൽ
തീക്കനൽ പോലെ കണ്ണുകളുള്ള സ്വർണ്ണ നിറമുള്ള ഒരു സർപ്പം നിലവറയിൽ വളഞ്ഞുചുറ്റിയിരിക്കുന്നത്
ചിലർ കണ്ടു. പ്രാണനും കൊണ്ട് പാഞ്ഞ് തന്ത്രിയും കൂട്ടരും ഒരു വിധത്തിൽ
പുറത്തെത്തി. ഭയവിഹ്വലരായ അവർ ഈ വിവരം പുറത്തെത്തി പറയുന്നത് കേട്ട ഒരു
ബ്രാഹ്മണൻ താൻ സർപ്പത്തെ മെരുക്കാം എന്നു പറഞ്ഞു വീണ്ടും തന്ത്രിയെയും കൂട്ടരെയും വളരെ നിർബ്ബന്ധിച്ച് നിലവറയിലേക്ക് കൊണ്ടുപോയി. ആ സമയം അത്രയും തുറന്നു കിടന്നിരുന്നതിനാൽ
നിലവറയിൽ നിന്നും ദുഷിച്ച വായു കുറെയൊക്കെ പുറത്തു
പോയിക്കഴിഞ്ഞിരുന്നു. ബ്രാഹ്മണൻ പന്തത്തിന്റെ വെളിച്ചത്തിൽ നിലവറയിൽ കയറി. മറ്റുള്ളവർ ഭയന്നു വിറച്ചു നിൽക്കെ നിലവറയിൽ നിന്നും
അസാധരണ വലിപ്പമുള്ള രത്നക്കല്ലുകൾ പതിച്ച ഒരു സ്വർണ്ണ വള
പുറത്തെടുത്തു. അതായിരുന്നു മറ്റുള്ളവർ സർപ്പമായി തെറ്റിദ്ധരിച്ചത്. വളയിൽ പതിച്ചിരുന്ന രണ്ടു മാണിക്യ കല്ലുകൾ
ആയിരുന്നു സർപ്പത്തിന്റെ കണ്ണുകളായി അവർക്ക് തോന്നിയത്.