ആകെ പേജ്‌കാഴ്‌ചകള്‍

2015 ഡിസംബർ 27, ഞായറാഴ്‌ച


തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം
വർഷം ഡിസംബർ 15-)0 തിയതി മുതൽ ദീപ മഹോത്സവം ആഘോഷിക്കുന്ന തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറെ പുരാതനവും വളരെ ഏറെ പ്രത്യേകതകൾ ഉള്ളതുമാണ്. ഏഡി 7-)0 നൂറ്റാണ്ടിലാണ് തൃക്കൊടിത്താനത്ത് മഹാക്ഷേത്രം സ്ഥാപിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിന് വെളിയിലായി ഇപ്പോഴുള്ള സുബ്രഹ്മണ്യ സ്വാമിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ആണ് മഹാവിഷ്ണുക്ഷേത്രത്തിന്റെ മൂല ക്ഷേത്രം എന്ന് കരുതപ്പെടുന്നു.   മഹാവിഷ്ണുക്ഷേത്രം നിർമ്മിക്കപ്പെടുന്നതിനും വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ  സുബ്രഹ്മണ്യക്ഷേത്രം അവിടെ നിലനിന്നിരുന്നു. ക്ഷേത്ര നിർമ്മിതിക്ക് അനുയോജ്യമായ സ്ഥലം എന്ന നിലയിൽ വർഷങ്ങളായി നിലനിന്നിരുന്ന സുബ്രമണ്യ ക്ഷേത്രത്തിന് സമീപം പുതിയ മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു എന്ന് കരുതപ്പെടുന്നു.  മഹാവിഷ്ണുക്ഷേത്രത്തിൽ  എത്തുന്ന ഭക്തജനങ്ങൾ സുബ്രഹ്മണ്യക്ഷേത്രത്തിലും ദർശനം നടത്താതിരിക്കില്ല. കാരണം, സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രാർത്ഥനയോടുകൂടിയേ  തൃക്കൊടിത്താനം  മഹാവിഷ്ണു ക്ഷേത്രത്തിലെ ദർശനം പൂർണ്ണമാകൂ എന്നാണ് വിശ്വാസം.
ഐതീഹ്യം
പാണ്ഡവ സഹോദരന്മാരിൽ ഏറ്റവും ഇളയവനായ സഹദേവനാണ് തൃക്കൊടിത്താനം  മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതീഹ്യം. പഞ്ചപാണ്ഡവർ സ്ഥാപിച്ച അഞ്ച് അമ്പലങ്ങളിൽ ഏറ്റവും വടക്ക് മാറിയുള്ള ക്ഷേത്രവും ഇതാകുന്നു. പഞ്ചപാണ്ഡവരിൽ മുതിർന്ന ആളായ യുധിഷ്ഠിരൻ ചെങ്ങന്നൂരുള്ള  തൃച്ചിറ്റാറ്റിലും രണ്ടാമനായ ഭീമൻ പുലിയൂരിലും മൂന്നാമനായ അർജ്ജുനൻ ആറന്മുളയിലും നാലാമൻ നകുലൻ തിരുവൻവണ്ടൂരിലും ക്ഷേത്രങ്ങൾ  സ്ഥാപിച്ചു. അഞ്ചാമനായ സഹദേവന് പ്രതിഷ്ഠിക്കുവാൻ യോഗ്യമായ വിഗ്രഹം കിട്ടാഞ്ഞതിനാൽ ക്ഷേത്രം നിർമ്മിക്കുവാൻ സാധിച്ചില്ല. അനുയോജ്യയമായ വിഗ്രഹത്തിനായി സഹദേവൻ പല വിധ ശ്രമങ്ങൾ നടത്തി. പക്ഷെ ശ്രമങ്ങൾ ഒന്നും ഫലപ്രാപ്തിയി എത്തിയില്ല. പിന്തിരിയാൻ തയ്യാറല്ലായിരുന്ന സഹദേവൻ മറ്റ് എല്ലാ പ്രവൃത്തികളും ഉപേക്ഷിച്ച് വിഗ്രഹത്തിനായി തീവ്ര യജ്ഞങ്ങൾ നടത്തുകയും നിരന്തരം പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. പക്ഷേ വിഗ്രഹം മാത്രം ലഭിച്ചില്ല. തന്റെ ആഗ്രഹം സാധിക്കാൻ പോകുന്നില്ല എന്ന് തോന്നിയ സഹദേവൻ ഒരു ചിത ഉണ്ടാക്കി  തിൽ ചാടി ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. തീരുമാനത്തിൽ  ഉറച്ച് നിന്ന് ചിതക്ക് തീ കൊളുത്തി. സഹദേവൻ ചിതയിലേക്ക് ചാടും മുമ്പ് അഗ്നിനാളങ്ങൽക്കിടയിൽ നിന്ന് ഒരു തുർബാഹു വിഗ്രഹം ഉയർന്ന് വന്നു. വിഗ്രഹം കയ്യിലെടുത്ത് നോക്കിയപ്പോൾ  അഞ്ജനക്കല്ലിൽ തീർത്ത ശംഖ്ചക്രഗദാപദ്മ ധാരിയായ സർവ്വലക്ഷണവും തികഞ്ഞ മഹാവിഷ്ണു വിഗ്രഹം ആണെന്ന് കണ്ടു. സഹദേവനും ഇത് കാണാനും അറിയാനും ഇടയായ എല്ലാവരും  അത്ഭുതപരതന്ത്രരായി. അങ്ങനെ അത്ഭുതം സൃഷ്ടിച്ചുകൊണ്ട് അഗ്നിയിൽ നിന്ന് ബഹിർഗ്ഗമിച്ച വിഗ്രഹത്തിന് 'അത്ഭുത നാരായണൻ' എന്ന് പേരു കിട്ടുകയും വിഗ്രഹം പ്രതിഷ്ഠിച്ച് സഹദേവൻ തൃക്കൊടിത്താനത്ത് ക്ഷേത്രം പണിയുകയും ചെയ്തു എന്നാണ് ഐതീഹ്യംതൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം തമിഴ്നാട്ടിൽ  'അർപുത നാരായണ പെരുമാൾ കോവിൽ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ചരിത്രം
ചങ്ങനാശ്ശേരി  നഗര ഹൃദയത്തിൽ നിന്ന് മൂന്നു കിലോമീറ്ററോളം മാറി തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ അണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ല വർഷം 537-)0 ആണ്ടിൽ രചിക്കപ്പെട്ട കേരളവർമ്മ വലിയകോയി തമ്പുരാന്റെ  'ഉണ്ണുനീലി സന്ദേശ'ത്തിൽ  തൃക്കൊടിത്താനം ക്ഷേത്രത്തെപ്പറ്റി വിവരിക്കുന്നുണ്ട്. വേണാട് ഭരിച്ചിരുന്ന വല്ലഭൻകോട്ട രാജാവ് ഇവിടെ ദർശനം നടത്തിയിരുന്നതായി ചരിത്ര രേഖകളും ഉണ്ട്. 'നാലായിരം ദിവ്യപ്രബോധനം' എന്ന നമ്മാഴ്വരുടെ തമിഴ് കൃതിയിൽ പല ഭാഗങ്ങളിലും തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്.
പ്രതിഷ്ഠകൾ
കുന്തീപുത്രനായ സഹദേവന് ദേവപ്രസാദത്താൽ ലഭിച്ച കൃഷ്ണശിലയിൽ തീർത്ത തുർബാഹുവായ മഹാവിഷ്ണു വിഗ്രഹം ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പൊതുവെ കാണപ്പെടുന്നതുപോലെ കിഴക്ക് ദർശനത്തിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. വിഗ്രഹ പീഠത്തിൽ ആലിംഗനബദ്ധരായ ലക്ഷ്മീദേവിയുടെയും നാരയണന്റെയും (ലക്ഷ്മീനാരയണ) ഒരു ചെറുയ വിഗ്രഹവും തുർബാഹുവായ മറ്റൊരു ചെറിയ വിഗ്രഹവും കാണാം. ശ്രീബലി സമയത്തും ഉത്സവസമയത്തും മറ്റും ശ്രീകോവിലിന് പുറത്ത് എഴുന്നള്ളിക്കുന്നത് ചെറിയ വിഗ്രഹം ആണ്. വിഗ്രഹങ്ങൾ ദർശന സമയ്ത്ത് ഭക്തർ ശ്രദ്ധാപൂർവ്വം നോക്കുകയാണെങ്കിൽ മാത്രമെ കാണാനാവുകയുള്ളു.
പ്രധാന പ്രതിഷ്ഠക്ക് തുല്യ പ്രാധാന്യത്തോടു കൂടി  ശ്രീകോവിലിനുള്ളിൽ ശതുസംഹാരമൂർത്തിയായ നരസിംഹസ്വാമിയുടെ പ്രതിഷ്ഠ ഉണ്ട്. പടിഞ്ഞാറ് ദർശനത്തിലാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ തെക്ക് വശം ഭിത്തിയിൽ ഒരു ചെറിയ ദ്വാരം ഉണ്ട്. അതിലൂടെ ഒരു കണ്ണടച്ച് മറുകണ്ണിലൂടെ നോക്കിയാൽ ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദക്ഷിണാമൂർത്തി വിഗ്രഹവും ഗണപതി വിഗ്രഹവും ഒരു ത്രിമാന ചിത്രത്തിൽ എന്ന പോലെ കാണാനാകും.പുറത്ത് മറ്റെവിടെ  നിന്ന് നോക്കിയാലും വിഗ്രഹങ്ങൾ കാണാവവുകയില്ല എന്നതും ത്രിമാന പ്രതീതി നൽകുന്നതും ക്ഷേത്ര നിർമ്മാണ  ചാതുരി വിളിച്ചോതുന്ന ഘടകങ്ങൾ ആണ്.
ക്ഷേത്രത്തിന്റെ മതിൽ പന്ത്രണ്ട് അടി ഉയരവും നൂറ്റി രണ്ട് മീറ്റർ നീളവും ഉള്ളതാണ്. വെട്ടുകല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ചുറ്റുമതിൽ ഒറ്റ രാത്രികൊണ്ട് ഒരു ഭൂതം പണിതതാണ് എന്നാണ് ഐതീഹ്യം. എന്തായാലും സിമന്റോ മറ്റ് പശകളൊ ചുറ്റുമതിൽ  നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല എന്നുള്ളത് അത്ഭുതം തന്നെയാണ്. കിഴക്കും പടിഞ്ഞാറും ദിക്കുകളിൽ ക്ഷേത്ര ഗോപുരങ്ങളും പണിതിരിക്കുന്നു. കിഴക്ക് ഭാഗത്തുള്ള  മഹാവിഷ്ണു പ്രതിഷ്ഠക്കും വടക്ക് ഭാഗത്തുള്ള നരസിംഹസ്വാമി പ്രതിഷ്ഠക്കും പ്രത്യേകം കൊടിമരങ്ങൽ ആണുള്ളത്. കിഴക്ക് ഭാഗത്തുള്ളത് സ്വർണ്ണ കൊടിമരവും പടിഞ്ഞാറുഭാഗത്തുള്ളത് പിച്ചള കൊടിമരവും ആണ്.

               
നാലമ്പലത്തിന് വെളിയിലായി തെക്ക് ഭാഗത്ത്, സാധാരണ കാണപ്പെടാത്ത വിധം, ഒരേ മേൽകൂരക്ക് കീഴിൽ  അയ്യപ്പ വിഗ്രഹവും ഗണപതി വിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിന്റെ തെക്ക് വശത്തായി നാഗരാജ വിഗ്രഹങ്ങളുo വടക്ക് വശത്തായി നാഗ യക്ഷിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നാലമ്പലത്തിന് പുറത്ത് വടക്ക് ഭാഗത്ത് പ്രത്യേക മതിൽക്കെട്ടിനകത്ത്  ദേവീ പ്രതിഷ്ഠയും  സമീപം തന്നെ ക്ഷേത്ര സംരക്ഷണത്തിന് രക്ഷസ് പ്രതിഷ്ഠയും കാണാം. ക്ഷേത്ര മതിൽക്കെട്ടിന് വെളിയി  കിഴക്ക് ഭാത്ത് ക്ഷേത്രക്കുളത്തിന് സമീപം പൂണൂൽ ധാരിയായ ഒരാൾ കയ്യിൽ ഒരു ശംഖുമായി  കൽത്തൂണിൽ കിടക്കുന്ന രൂപത്തിലുള്ള കൽപ്രതിമ കാണാം. ഒരിക്കൽ  നട അടച്ച ശേഷം വേഷം മാറി രാജാവ് ദർശനത്തിന് എത്തുകയും താൻ ആരെന്നറിയിക്കാതെ കാവൽക്കരന്  പ്രത്യുപകാരങ്ങ വാഗ്ദാനം നൽകി നട തുറപ്പിച്ച് ദർശനം നടത്തി എന്നും അടുത്ത ദിവസം ആയാളെ കാരത്തിന് കഴുവിലേറ്റി എന്നും ഇതിനോട് അനുബന്ധിച്ച് ഒരു കഥ പ്രചാരത്തിലുണ്ട്. മറ്റൊരു ഭാഷ്യം നട അടച്ച ശേഷം ദർശനത്തിന് എത്തിയ രാജാവിനെ കാവൽക്കരൻ രാജാവ് എന്ന പരിഗണന നൽകി നട തുറന്ന് ദർശനം സാധ്യമാക്കി എന്നും രാജാവിന് വേണ്ടി ആണെങ്കിലും ഏൽപ്പിച്ച ചിമതലയിൽ നിന്ന് വ്യതിചലിച്ച  കാവൽക്കാരനെ അടുത്ത ദിവസം കഴുവിൽ ഏറ്റി എന്നുമാണ്. വസ്തുത എന്തായാലും അഴിമതിയോ വഞ്ചനയോ സത്യസന്ധതക്കുറവോ അനുവദിച്ച് കൊടുക്കില്ല എന്ന് ജനത്തിനെ ഓർമ്മിപ്പിക്കുവാൻ അതിന് ശേഷം പ്രതിമ സ്ഥപിച്ചതാണ് ന്ന് പറയപ്പെടുന്നു. സമീപ കാലത്ത്( 2013-ൽ) പടിഞ്ഞാറേ നടയ്ക്ക് വെളിയിലായി നരസിംഹസ്വാമിയുടെ വലിയ ഒരു പ്രതിമ സ്ഥാപിച്ചതും ഭ്ക്തജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

തമിഴ് ബന്ധം
                ഭാരതത്തിലെ 108 ദിവ്യദേശ ക്ഷേത്രങ്ങൾ ഉള്ളതിൽ അഞ്ചെണ്ണം കേരളത്തിൽ ആണുള്ളത്. അതിൽ ഒന്നാണ് തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം. ക്ഷേത്രത്തെ പറ്റി മലയാള ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുള്ളതിൽ കൂടുതൽ തമിഴ് ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട് ക്ഷേത്രത്തെപറ്റി നമ്മാഴ്വരും പെരിയാഴ്വരും പ്രതിപാദിച്ചിട്ടുണ്ട്. മഹാവിഷ്ണു വിഗ്രഹത്തിന്റെ പീഠത്തിലുള്ള ലക്ഷ്മിനാരായണ വിഗ്രഹത്തിലെ ദേവിയെ 'കർപഗവല്ലി' എന്നാണ് തമിഴ് സാഹിത്യത്തിൽ പറയുന്നത്. കേരത്തനിമയുള്ള  മറ്റൊരു ക്ഷേത്രത്തിലും പ്രധാന വിഗ്രഹ പീഠത്തിൽ ഇപ്രകാരമുള്ള ഒരു ലക്ഷ്മിദേവി പ്രതിഷ്ഠ കാണാനാവില്ല. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ പോലും തമിഴ്നാട്ടിലെ ക്ഷേത്രമതിലുകളെ അനുസ്മരിപ്പിക്കും.കേരളത്തിലെ  അർപുത നാരയണ പെരുമാൾ കോവിൽ  തമിഴ്നാട്ടിൽ വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളും തടിയിലുള്ള കൊത്തുപണികളും തമിഴ് ക്ഷേത്രനിർമ്മിതിയുമായി സാദൃശ്യമുള്ളതാണ്. കേരളം നാട്ടുരാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ട് കിടന്നിരുന്ന കാലത്ത് തമിഴ് സ്വാധീനം ഏറെയുണ്ടായിരുന്ന നന്തുഴൈനാടിന്റെ തലസ്ഥാനം ആയിരുന്നു 'തിരുകടികത്താനം'. തിരുകടികത്താനം എന്ന പേരാണ് തൃക്കൊടിത്താനം ആയി പരിണമിച്ചത്.

കടികൈ ക്ഷേത്രം
     'തിരുകടികത്താനം' എന്ന് പേരുസംബന്ധിചും ചില കഥകളുണ്ട്. ഇൻഡ്യയിലെ മൂന്ന് പ്രധാനപ്പെട്ട  കടികൈ ക്ഷേത്രങ്ങളിൽ  ഒന്നാണ് തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം. മറ്റ് രണ്ട് കടികൈ ക്ഷേത്രങ്ങളിൽ ഒന്ന് തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലും അടുത്തത് ഉത്തരാഖണ്ഡിലുള്ള ദേവപ്രയാഗക്ക് സമീപവുമാണ്. കടികൈ എന്ന തമിഴ് വാക്കിന്റെ അർത്ഥം ഘടികാരം എന്നാണ്. എന്നാൽ വാക്ക് സമയത്തിന്റെ ഒരു അളവിനെ കുറിക്കാൻ വേണ്ടി സംസാരഭാഷയിൽ ഉപയോഗിക്കാറുണ്ട്. 24 മിനിറ്റ് മുതൽ 45 മിനിറ്റ് വരെയുള്ള സമയ ദൈർഘ്യത്തെയാണ് ഒരു കടികൈ എന്ന് സന്ദർഭങ്ങൾക്ക് അനുസരിച്ച് മാറി മാറി പറയുന്നുണ്ട്. പൊതുവെ 34 മിനിറ്റ് സമയത്തെയാണ് ഒരു കടികൈ എന്നു പറയുന്നത്. കടികൈ കോവിലുകളിൽ ഒരു കടികൈ നേരം പ്രാർത്ഥിച്ചാൽ സർവ്വ പാപങ്ങളിൽ നിന്നും മുക്തനാകും എന്നാണ് വിശ്വാസം. ഒരു കടികൈ നേരം തൃക്കൊടിത്താനം മഹാവിഷ്ണു സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചാൽ അറിഞ്ഞോ അറിയാതെയൊ ചെയ്ത് തെറ്റുകളും ഏറ്റു വാങ്ങേണ്ടി വന്ന ശാപങ്ങളും മാറി കിട്ടും എന്നാണ് വിസ്വാസം.കടികൈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിൽ 'തിരുകടികത്താനം' എന്ന് സ്ഥലത്തിന്ന് പേരു വന്നു എന്നും പിന്നീട് അത് തൃക്കൊടിത്താനം ആയി മാറി എന്നും പറയപ്പെടുന്നു.

ഉത്സവം
               ഈ ക്ഷേത്രത്തിലെ ഉത്സവത്തിനും ഉണ്ട് പ്രത്യേകതകൾ ഏറെ. വൃശ്ചിക മാസത്തിലെ തിരുവോണ  നാളി കൊടിയേറുന്ന 'ദീപ മഹോത്സവം' ആണ് പ്രധാന ഉത്സവം. പത്ത് ദിവസം നീളുന്ന ദീപ ഉത്സവത്തിന് കിഴക്കും പടിഞ്ഞാറുമുള്ള കൊടിമരങ്ങളിൽ കൊടി ഉയർത്തും. മഹാഭാരത യുദ്ധം ജയിച്ച് മടങ്ങിയ സഹദേവനെ എതിരേറ്റത് മാതാവ് മാദ്രിയുടെ മരണ വാർത്തയാണ്. ദു:ഖാർത്തനായ സഹദേവൻ മാദ്രിയുടെ ചിതയിൽ ചാടി ജീവത്യാഗം ചെയ്യുവാൻ ശ്രമിച്ചുവെന്നും ബന്ധുജനങ്ങളും അഭ്യുദയകാംഷികളും അതിൽ നിന്ന് പിന്തിരിപ്പിച്ചുവെന്നുമുള്ള  മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ദീപ ഉത്സവം നടത്തുന്നത്. ദീപഉത്സവ  ദിനം മഹാവിഷ്ണു വിഗ്രഹത്തോടൊപ്പം സഹദേവ വിഗ്രഹവും 'ജീവത'ക്ക് ഒപ്പം എഴുന്നള്ളിക്കും.ദീപ ഉത്സവത്തിന് നൂറുകണക്കിന്ശരകൂടങ്ങൾ’ അമ്പലമുറ്റത്ത് ഒന്നിനു മുകളിൽ ഒന്നായി കൂട്ടി വെച്ച് അഗ്നി പകരും. ശരകൂടങ്ങൾ എരിഞ്ഞ ഭസ്മം പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യും. സന്താന ഭാഗ്യം ലഭിക്കാത്ത സ്ത്രീകൾ ദിവസം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ സദ്സന്താനലബ്ദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ‘ദീപ’ക്ക് ശേഷം നടക്കുന്ന  ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ആറാട്ട് മണ്ഡപത്തിലേയ്ക്കുള്ള എഴുന്നള്ളത്തിൽ  ആനയോ മറ്റ് ആഡംബരങ്ങളോ ഉണ്ടാകില്ലെന്നതും മറ്റൊരു പ്രത്യേകത ആണ്നരസിംഹ ജയന്തി ആണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവം. മുഖ്യവിഗ്രഹത്തിൽ ദശാവതാര വേഷങ്ങൾ ചമച്ച് അണിയിച്ചൊരുക്കുന്ന ദശാവതാരചാർത്ത് ആണ് വേറൊരു പ്രധാന വിശേഷം.


                 പഴമകൊണ്ട്, ചരിത്ര പ്രാധാന്യം കൊണ്ട്, പലവിധ അപൂർവതകൾ കൊണ്ട്  വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന  മധ്യതിരുവിതാംകൂറിലെ ഏറെ പ്രധാനപ്പെട്ട തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം ചരിത്ര വിദ്യാർദ്ധികൾക്കും ഗവേഷകർക്കും ആഴത്തിലുള്ള പഠനത്തിന് അവസരം ഒരുക്കുന്നതാണ്